മഞ്ചേരി: അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥിന് വിട നൽകി നാട്. രാവിലെ മഞ്ചേരി ശാന്തിഗ്രാമിലെ വീട്ടിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ സമൂഹത്തിലെ നാനാതുറകളിൽനിന്നുള്ളവർ ആദരാജ്ഞലികളർപ്പിച്ചു. ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ നേതാക്കൾ, പൗരപ്രമുഖർ, നാട്ടുകാർ, ബന്ധുക്കൾ, പൊതുപ്രവർത്തകർ തുടങ്ങി വൻജനാവലി അദ്ദേഹത്തെ അവസാനമായി ഒരു നോക്കു കാണാൻ എത്തിയിരുന്നു.
മന്ത്രി എ.പി. അനിൽകുമാർ, എം.കെ. രാഘവൻ എംപി, എംഎൽഎമാരായ അഡ്വ. എം. റഹ്മത്തുള്ള, കെ.പി. നൗഷാദലി, ആര്യാടൻ ഷൗക്കത്ത്, നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, കോണ്‍ഗ്രസ് നേതാക്കളായ പറന്പൻ റഷീദ്, വല്ലാഞ്ചിറ ഹുസൈൻ, അപ്പു മേലാക്കം തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം മഞ്ചേരി കോണ്‍ഗ്രസ് ഭവനിൽ പൊതു ദർശത്തിനുവച്ചു. രണ്ടരയോടെ സംസ്കാരത്തിനായി എൻഎസ്എസ് ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
ജനാധിപത്യ കലാസാഹിത്യ വേദി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുശോചന യോഗത്തിൽ ചെയർമാൻ പി.കെ. സത്യപാലൻ, ഷംസു മുള്ളന്‍പാറ, മൻസൂർ അഹമ്മദ്, പി.എൻ. നന്പീശൻ, മജീഷ്യൻ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.